വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനം പ്രവര്‍ത്തനസജ്ജം: മന്ത്രി

തിരുവനന്തപുരം : സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, ഫാക്ടറി നിര്‍മിത ബോഡിയോടുകൂടിയുള്ള വാഹന രജിസ്ട്രേഷന്‍, സ്റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹന പെര്‍മിറ്റ് എന്നിവ നേരത്തെ ഓണ്‍ലൈനായിരുന്നു.
വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആവശ്യമായ സോഫ്റ്റ്വെയര്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തനസജ്ജമായത്. ഇനി മുതല്‍ ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കി ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഓഫീസിലെത്തി രേഖകള്‍ സമര്‍പ്പിക്കാതെ തന്നെ സേവനങ്ങള്‍ ലഭ്യമാകും. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള മറ്റെല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഡിസംബര്‍ 24 മുതല്‍ ഓണ്‍ലൈനായി ലഭിക്കും. വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിന് മൊബൈല്‍ ഓതന്റിക്കേഷന്‍ മാത്രം മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ പഴയ ഉടമസ്ഥന്‍ ഒറിജിനല്‍ ആര്‍.സി. പുതിയ ഉടമസ്ഥന് നല്‍കി രസീത് വാങ്ങി സൂക്ഷിക്കണം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസമായി അതിവേഗം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.