ആശങ്കകള്‍ തീര്‍ത്ത് ജനസമക്ഷം സില്‍വര്‍ ലൈന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന എല്ലാ ആശങ്കകളും സംശയങ്ങളും തീര്‍ത്ത് ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം. പദ്ധതിയെ കുറിച്ച് ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ സംശയങ്ങള്‍ക്കും വ്യക്തത വരുത്തുന്ന രീതിയിലായിരുന്നു പരിപാടി. ജില്ലയിലെ മൂന്ന് മന്ത്രിമാരും കെ റെയില്‍ മാനേജിംഗ് ഡയറക്ടറും പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ചും അത് സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്കിനെ കുറിച്ചും ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ പദ്ധതി എന്നിവയെ കുറിച്ചും വിശദീകരിച്ചു. കെ റെയില്‍ കേരളത്തെ വിഭജിക്കുന്നു, പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നു, പണക്കാര്‍ക്ക് മാത്രമുള്ള പദ്ധതിയാണ് തുടങ്ങിയ ആരോപണങ്ങള്‍ക്കുള്ള വിശദീകരിച്ചുള്ള മറുപടിയും യോഗത്തില്‍ നല്‍കി.
പദ്ധതിയെ കുറിച്ച് പല ആശങ്കകളുമായാണ് യോഗത്തിന് എത്തിയിരുന്നതെങ്കിലും ജനസമക്ഷം പരിപാടി കഴിഞ്ഞതോടെ ആശങ്കകളെല്ലാം മാറിയെന്ന് തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി പട്ടാഭിരാമന്‍ പറഞ്ഞു. പദ്ധതിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായും തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ പോകുന്നതിനേക്കാള്‍ എളുപ്പത്തില്‍ സില്‍വര്‍ ലൈനിലൂടെ യാത്ര സാധ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രാ സൗകര്യം മെച്ചപ്പെടുന്നതോടൊപ്പം ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് പദ്ധതി വഴിയൊരുക്കും. വ്യാപാര, വാണിജ്യ, വ്യവസായ മേഖലകളിലും നിക്ഷേപ രംഗത്തും നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ തീര്‍ത്ഥാടന, ടൂറിസം രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കാന്‍ പദ്ധതി സഹായകമാവുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.
തൃശൂരില്‍ നിന്ന് ഒരു മണിക്കൂര്‍ 56 മിനുട്ട് കൊണ്ട് തിരുവനന്തപുരത്തേക്കും ഒരു മണിക്കൂര്‍ 58 മിനുട്ട് കൊണ്ട് കാസര്‍ക്കോട്ടേക്കും എത്താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ പറഞ്ഞു. രണ്ട് ലൈനുകളിലൂടെ തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട്ടേക്കും തിരിച്ചും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ 37 ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ആകെ 11 സ്റ്റോപ്പുകളാണ് ഉണ്ടാവുക. 20 മിനുട്ട് ഇടവിട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തും. പദ്ധതിയില്‍ നിക്ഷേപമിറക്കാന്‍ കേരളത്തിലെ നിക്ഷേപകര്‍ക്കും അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.