വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടുതീ; ആറ് ഹെക്ടർ വനം നശിച്ചു

വയനാട് വന്യജീവി സങ്കേതത്തിലുണ്ടായ കാട്ടുതീയിൽ ആറ് ഹെക്ടർ വനഭൂമി കത്തിനശിച്ചു. സുൽത്താൻ ബത്തേരി റേഞ്ചിലെ നായ്കെട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള ഓടപ്പള്ളം വനമേഖലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് മുളങ്കാടിൽ തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഒടപ്പള്ളം സ്‌കൂളിന് സമീപം പൂത്തുവീട് കോളനിക്ക് എതിർവശത്തുള്ള വനത്തിലാണ് ആദ്യം തീ പടർന്നത്. ഉണങ്ങിയ മുളമരങ്ങൾക്കിടയിൽ പടർന്ന തീ അൽപസമയത്തിനുള്ളിൽ മറ്റ് മുളകളിലേക്കും പടർന്നു. ഉടൻ തന്നെ സമീപ പ്രദേശങ്ങളിലേക്കും തീ പടർന്നു. തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിലും ഫോറസ്റ്റ് ഓഫീസിലും വിവരം അറിയിച്ചു. ഫോറസ്റ്റ് ഗാർഡും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. വൻതോതിൽ മുള മരങ്ങളിൽ തീ പടർന്നതിനാൽ തീ അണയ്ക്കാൻ ഫയർഫോഴ്‌സ് ബുദ്ധിമുട്ടി. ഇടവിട്ടുള്ള കാറ്റ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് തടസ്സമായി. തീപിടിത്തമുണ്ടായ കാടിന്റെ എതിർവശം സ്‌കൂളും ജനവാസകേന്ദ്രവും ആയതിനാൽ വനപാലകരും ഫയർഫോഴ്‌സും കൂടുതൽ ജാഗ്രത പുലർത്തി.