നിയമസഭാ ഓഫീസിൽ സിഎം രവീന്ദ്രൻ, ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ലൈഫ് മിഷൻ കോഴ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് ലഭിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ നിയമസഭയുടെ ഓഫീസിൽ. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസ്.
ലൈഫ് മിഷനിൽ 3,80,00000 രൂപ കൈക്കൂലി നടന്നിട്ടുണ്ടെന്നും ഈ പണം ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തി. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഇഡിക്ക് അധികാരമുണ്ട്. കോഴ നൽകിയെന്ന് വെളിപ്പെടുത്തിയ സ്വപ്ന സുരേഷുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു രവീന്ദ്രന്റെ നിലപാട്.
രവീന്ദ്രനും സ്വപ്‌നയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഈ കാര്യങ്ങളും രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യം ചെയ്യപ്പെടും. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിൽ പങ്കുണ്ടോയെന്നും പരിശോധിക്കും.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് യുഎഇ റെഡ്ക്രസന്റ് കരാറുകാരായ യുണിടെക്കിന് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപ കൈക്കൂലിയായി നൽകിയെന്നാണ് കേസ്. ആർക്കെല്ലാം കൈക്കൂലി പണം ലഭിച്ചുവെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. സ്വപ്ന സുരേഷ്, യുണിടെക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് ഇഡി.