NewMETV logo

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമപരിഗണന; മന്ത്രി വി.ശിവന്‍കുട്ടി

 
44

കുട്ടികളുടെ വിദ്യാഭ്യാസത്തിനും  ആരോഗ്യത്തിനുമാണ് പ്രഥമപരിഗണനയെന്നും വിദ്യാര്‍ത്ഥികളെ എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കൃത്യസമയത്ത് പരീക്ഷകള്‍ നടത്തി കുട്ടികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് വേണ്ട യോഗ്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വര്‍ഷം സ്തംഭിക്കുകയെന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസ കാലയളവില്‍ ഒരു വര്‍ഷം ഇല്ലാതാവുകയാണ്  എന്നാണര്‍ത്ഥം. ഒട്ടേറെ എതിര്‍ശബ്ദങ്ങള്‍ ഉണ്ടായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയും വിദ്യാഭ്യാസ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലും അദ്ധ്യാപക-രക്ഷകര്‍ത്തൃ സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും ഉണ്ടായതുകൊണ്ടാണ് പരാതി രഹിതമായി പരീക്ഷ നടത്താനും തിളക്കമാര്‍ന്ന വിജയം നേടാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കേരളത്തിനു തന്നെ മാതൃകയാക്കാവുന്ന നിരവധി നൂതന പദ്ധതികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി വരുന്നത്.  മത്സരാധിഷ്ഠിത സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പൂര്‍ണമായി ചേര്‍ത്ത് പിടിച്ച് വിദ്യാര്‍ത്ഥി സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഊര്‍ജസ്വലമായ പിന്തുണയാണ് ജില്ലാ പഞ്ചായത്ത് നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്കും വാങ്ങിയ വിദ്യാര്‍ത്ഥികളെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികളെയും പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികളെയും ജി.സ്റ്റീഫന്‍ എം.എല്‍.എ, ഐ.ബി സതീഷ് എം.എല്‍.എ എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു. എസ്.എസ്.എല്‍.സിക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ചടങ്ങില്‍ ആദരിച്ചു.

From around the web

Pravasi
Trending Videos