വിലകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

സംസ്ഥാനത്ത് ചില നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ മനഃപൂർവം വർധന സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് ഭക്ഷ്യ വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ കളക്ടർമാരുടെയും ഭക്ഷ്യ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധിക്കുന്നതിന് പ്രത്യേകമായി കാരണങ്ങളൊന്നും ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്നാൽ മുളക്, ഭക്ഷ്യ എണ്ണ, കോഴിയിറച്ചി എന്നീ ഉത്പന്നങ്ങളുടെ വില വർദ്ധിക്കുന്നതിന്റെ കാരണം പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വിലക്കയറ്റം സൃഷ്ടിക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടോയെന്നും, വില നിലവാരം കടകളിൽ കൃത്യമായി പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി കളക്ടർമാരോട് നിർദ്ദേശിച്ചു.
പരിശോധനാ സമ്പ്രദായം ശക്തമാക്കുന്നതിനും ഭക്ഷ്യോത്പന്നങ്ങളുടെ സുഗമായ ലഭ്യത ഉറപ്പു വരുത്തുന്നതിനും നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ലാൻഡ് റവന്യൂ കമ്മിഷണർ, ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എല്ലാ ആഴ്ചയിലും അവലോകന യോഗങ്ങൾ കൂടുന്നതിനും യോഗം തീരുമാനിച്ചു.