ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് സമ്പൂര്‍ണ കൈത്താങ്ങാവുന്ന ഇന്‍സുലേറ്റഡ് വാക്സിന്‍ വാന്‍ ഫ്ളാഗ് ഓഫ് ചെയ്തു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും പത്തനംതിട്ട ജില്ലയ്ക്ക് ലഭിച്ച ഇന്‍സുലേറ്റഡ് വാക്സിന്‍ വാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പ്രതിവര്‍ഷം സിഎസ്ആര്‍ ഫണ്ടിലേക്ക് വകമാറ്റുന്ന കോര്‍പറേഷന്റെ ലാഭവിഹിതമായ തുകയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുന്നത്. ഈ വര്‍ഷം പ്രസ്തുത തുക കോവിഡ് അനന്തര തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.
കേരളത്തിലെ ഒന്‍പത് ജില്ലാ ആശുപത്രികളില്‍ 1.17 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഏറ്റവും കൂടുതല്‍ തുകയായ 20 ലക്ഷം രൂപ നല്‍കിയത് പത്തനംതിട്ട ജില്ലയ്ക്കാണ്.ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശബരിമലയിലെ ആരോഗ്യ പ്രതിരോധ മേഖലയില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്ന് സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ സുരേഷ് വാര്യര്‍, കെ.വി. പ്രദീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, എന്‍എച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, കോര്‍പറേഷന്‍ കേരള റീജിയണല്‍ മാനേജര്‍ ബി.ആര്‍. മനീഷ്, എസ്‌ഐഒ എ. മന്‍സൂര്‍, കണ്‍സള്‍ട്ടന്റ് ബി. ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.