ഉത്സവ നാളുകള്‍ക്ക് ഇന്ന് (സെപ്തംബര്‍ 12) കൊടിയിറക്കം; കാഴ്ചകളുടെ വസന്തമൊരുക്കി തലസ്ഥാനനഗരി

ഇന്ന് (സെപ്തംബര്‍ 12) സമാപിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തില്‍ ഒരുങ്ങുന്നത് മതിവരാത്ത ആരവങ്ങളുടെ കലാസന്ധ്യയും വിപുലമായ വിപണികളും. അവസാന ദിനം കൂടുതല്‍ സമ്പന്നമാക്കാന്‍ വര്‍ണ്ണാഭമായ ഘോഷയാത്രയും പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറും. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയോടെ സമാപനചടങ്ങുകള്‍ക്ക് തുടക്കമാകും. രാത്രി 7 .30 മുതല്‍ 10 മണിവരെ അരങ്ങേറുന്ന അകം ബാന്‍ഡിന്റെ സംഗീതനിശയോടെ ഓണാഘോഷപരിപാടികള്‍ക്ക് തിരശീല വീഴും. സെന്‍ട്രല്‍ സ്റ്റേഡിയം, സൂര്യകാന്തി ഓഡിറ്റോറിയം എന്നിവിടങ്ങളിലും സംഗീതവിരുന്നുകള്‍ ഒരുങ്ങും.
ഒരിടവേളയ്ക്ക് ശേഷം കൂടുവിട്ട് പുറത്തിറങ്ങുന്ന മലയാളത്തിന് തിരിച്ചുവരവിന്റെ അനുഭൂതിയായി മാറിയ ഓണം വാരാഘോഷം ലക്ഷകണക്കിന് പേരെ ഇതിനോടകം സന്തുഷ്ടരാക്കി. പാരമ്പര്യകലാരൂപങ്ങള്‍ മുതല്‍ ഡിജെ നൈറ്റ്സ് വരെയുള്ള വൈവിധ്യങ്ങളാല്‍ എല്ലാ വിഭാഗം കലാപ്രേമികളെയും സംതൃപ്തരാക്കാന്‍ കലാസന്ധ്യകള്‍ക്കായി. നൂറോളം വരുന്ന ഉത്പന്ന വിപണന സ്റ്റാളുകള്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങളാലും ന്യായ വിലയാലും ഉപഭോക്താക്കള്‍ക്ക് തൃപ്തി നല്‍കി. ഓരോ ഫുഡ് കോര്‍ട്ടുകളും പുതിയ രുചികളും 'സ്പെഷ്യല്‍ ഡിഷു'കളും തയ്യാറാക്കുന്ന തിരക്കിലാണ്. ഇനിയും മേളയ്‌ക്കെത്താന്‍ സാധിക്കാത്തവരും മേള കണ്ടു കൊതിതീരാത്തവരുമടക്കം വലിയ ജനപങ്കാളിത്തമാണ് അവസാന ദിനമായ ഇന്ന് പ്രതീക്ഷിക്കുന്നത്.