വ്യാവസായിക മേഖലയില്‍ പുതിയ ഉണര്‍വ് ഉണ്ടാകേണ്ടതുണ്ട്: മന്ത്രി റോഷി അഗസ്റ്റിന്‍

വ്യാവസായിക മേഖലയില്‍ പുതിയ ഉണര്‍വ് ഉണ്ടാകേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിന് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ അസോസിയേഷന്റെ സഹകരണത്തോടെ കട്ടപ്പനയില്‍ സംഘടിപ്പിച്ച വ്യവസായ ഉത്പന്ന – പ്രദര്‍ശന – വിപണന മേളയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയ ജില്ലയെന്ന നിലയില്‍ നിന്നും ഇടുക്കി ജില്ലയില്‍ വരുംകാലങ്ങളില്‍ വ്യാവസായിക മേഖലയില്‍ കൂടി കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ കഴിയും. ഇടുക്കി ജില്ലയിലെ വികസന സാധ്യതകള്‍ക്ക് അനുസൃതമായി വ്യവസായ സംരംഭങ്ങളെ എത്തിക്കുന്നതിനും പുതിയ യുവാക്കളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും മേളയ്ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിച്ചു.
ഇന്‍ഡ് എക്സ്പോ 2022 എന്ന പേരില്‍ കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച മേള മാര്‍ച്ച് 14 വരെ തുടരും . കേന്ദ്രസര്‍ക്കാരിന്റെ ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി പ്രകാരം ഇടുക്കി ജില്ലയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളിലെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, നൂതന ഭക്ഷ്യഉല്‍പ്പന്നങ്ങള്‍, കൈത്തറി വസ് ത്രങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, വിവിധ സംരംഭങ്ങള്‍ക്ക് ആവശ്യമായ നൂതനയന്ത്ര സാമഗ്രികള്‍ മുതലായവ മേളയുടെ ഭാഗമായി 35 ഓളം സ്റ്റാളുകളിലായി പ്രദര്‍ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രദര്‍ശന സമയം. ഇടുക്കി ജില്ലയുടെ നിക്ഷേപ സാദ്ധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി നിക്ഷേപക സംഗമം, വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്കും മറ്റു വിവിധ സംരംഭങ്ങളെ സംബന്ധിച്ച സെമിനാറുകളും മേളയുടെ ഭാഗമായി നടത്തുന്നു.