NewMETV logo

 

പതിനയ്യായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യം

 
45
 

2026 ഓടു കൂടി പൊതുമരാമത്ത് റോഡുകളില്‍ പതിനയ്യായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുടുത്ത-പൂതങ്കര ഇളമണ്ണൂര്‍- കിന്‍ഫ്ര- ചായലോട് റോഡ് പൂതങ്കര ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മുപ്പതിനായിരം കിലോമീറ്റര്‍ റോഡുകളാണ് പൊതുമരാമത്ത് വകുപ്പിന്റെ തായിട്ടുള്ളത്. പരമാവധി റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.

ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന റോഡുകള്‍ നവീകരിക്കപ്പെടുകയാണ്. ഭൂരിപക്ഷം ഉദ്യോഗസ്ഥരും കരാറുകാരും മികച്ച രീതിയില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ന്യൂനപക്ഷം ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നുണ്ട്. അവരെയും തിരുത്തി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. കരാറുകാരിലും ഉദ്യോഗസ്ഥരിലും മികച്ച പ്രവര്‍ത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കും. താഴേതട്ടു മുതല്‍ മേലേ തട്ടു വരെ പരിശോധന നടത്തും. ഉദ്യോഗസ്ഥര്‍ റോഡിലൂടെ നേരിട്ടു പരിശോധന നടത്തിയാല്‍ തന്നെ വലിയ അളവില്‍ പ്രശ്‌നം പരിഹരിക്കാനാവും. റോഡ് പരിശോധനയില്‍ ഒരു തരത്തിലുള്ള സന്ധി ചെയ്യലും ഉണ്ടാവില്ല. ക്വാളിറ്റി കണ്ട്രോള്‍ പരിശോധനയുടെ സാധ്യതകള്‍ പരിശോധിക്കും. ഖജനാവിലെ പണം ഉപയോഗിച്ചു ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പിന്റെ പൂര്‍ണ പിന്‍തുണയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 107 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വലിയ രീതിയിലുള്ള മാറ്റമാണ് കോന്നി മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. മണ്ഡലത്തിലും അതിനു സമാനമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കലഞ്ഞൂര്‍ പഞ്ചായത്തിലെ എല്ലാ ഗ്രാമീണ റോഡുകളും പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു.

2020- 21 ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് കുടുത്ത- ജംഗ്ഷന്‍- പൂതങ്കര- ഇളമണ്ണൂര്‍ - കിന്‍ഫ്ര -ചായലോട് റോഡ് ആറു കോടി രൂപ ചിലവഴിച്ച് ആധുനികവത്കരിച്ചത്. അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള റോഡ് 5.5 മീറ്റര്‍ വീതിയില്‍ ബിഎംആന്‍ഡ് ബിസി സാങ്കേതികവിദ്യയിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. റോഡില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടയും കലുങ്കും റോഡിന്റെ വശങ്ങള്‍ സംരക്ഷിക്കുന്നതിനായി സംരക്ഷണഭിത്തി നിര്‍മാണം, ഐറിഷ് ഓട നിര്‍മാണം, ട്രാഫിക് സുരക്ഷ പ്രവര്‍ത്തികള്‍ എന്നിവ പൂര്‍ത്തികരിച്ചിട്ടുണ്ട്. ഇതോടെ കായംകുളം പത്തനാപുരം റോഡില്‍ നിന്നും, ഏനാദിമംഗലത്ത് നിന്നും കലഞ്ഞൂരിലേക്കും, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കും വളരെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പങ്കെടുത്തു.

From around the web

Pravasi
Trending Videos