NewMETV logo

അതിഥി തൊഴിലാളികള്‍ക്കായി ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ-ആലയ്

 
48

അതിഥിതൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും ആലയ് രജിസ്‌ട്രേഷന്റെയും വെർച്വൽ ഉദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കേരളത്തിൽ അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ കെട്ടിടങ്ങളും കെട്ടിട സമുച്ചയങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി, സാമൂഹിക സുരക്ഷ പദ്ധതിയടക്കം തദ്ദേശീയ തൊഴിലാളികൾക്കായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിന്റെ ഭാഗമായി കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ബംഗാളി,ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യുന്ന ഫെസിലിറ്റേറ്റർമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യമൊരുക്കാനായി സർക്കാർ ആലയ് എന്ന പേരിൽ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. ലേബർ കമ്മീഷൻ തയ്യാറാക്കിയ പോർട്ടലിലൂടെ സ്വകാര്യ വ്യക്തികൾക്ക് തങ്ങളുടെ വാടക കെട്ടിടങ്ങളും വിവരങ്ങളും രജിസ്റ്റർ ചെയ്യാം. ഈ പോർട്ടൽ പരിശോധിച്ച് അതിഥി തൊഴിലാളികൾക്ക് ബുദ്ധിമുട്ടില്ലാതെ താമസസൗകര്യം കണ്ടെത്താൻ സഹായിക്കുന്ന രീതിയിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഇടുക്കി, പത്തനംതിട്ട, തൃശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്ററുകളുടെ ഉദ്ഘാടനമാണ് ഓൺലൈനായി നടന്നത്.  എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ലേബർ കമ്മീഷണർ ഡോ.എസ് ചിത്ര നന്ദിയും പറഞ്ഞു.  വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ അതിഥി തൊഴിലാളികൾക്കുള്ള ആവാസ് കാർഡുകളും മന്ത്രി വിതരണം ചെയ്തു.

From around the web

Pravasi
Trending Videos