ലേബർ സഹകരണസംഘങ്ങളെപ്പറ്റി സെമിനാറും ശില്പശാലയും സെപ്തംബര് 14 (ബുധൻ ) മുതൽ

സംസ്ഥാനത്ത് നിർമ്മാണമേഖലയിൽ നിലനില്ക്കുന്ന പ്രശ്നങ്ങളും അവയ്ക്കു നല്ലയളവു പരിഹാരം ആകാൻ കഴിയുന്ന ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ചർച്ചചെയ്യാനും പരിഹാരനിർദ്ദേശങ്ങൾ കണ്ടെത്താനുമായി ഏകദിനസെമിനാറും ദ്വിദിനശില്പശാലയും സംഘടിപ്പിക്കുന്നു. കേരള ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് വെല്‍ഫെയര്‍ അസോസിയേഷൻ (KLCCSWA) ആണു പരിപാടിസംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 14-നു തിരുവനന്തപുരത്ത് സഹകരണഭവനിലാണു സെമിനാർ. ‘കേരളവികസനത്തിൽ ലേബർ സഹകരണസംഘങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള സെമിനാർ സഹകരണ-രജിസ്ട്രേഷൻ-സാംസ്ക്കാരികമന്ത്രി വി. എൻ. വാസവൻ രാവിലെ 10 30-ന് ഉദ്ഘാടനം ചെയ്യും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകുന്ന വേദിയിൽ മുൻധനമന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് വിഷയം അവതരിപ്പിക്കും. സഹകരണസെക്രട്ടറി മിനി ആൻ്റണി അദ്ധ്യക്ഷയാകും. വെൽഫെയർ അസോസിയേഷൻ്റെ വെബ്‌സൈറ്റ് സഹകരണസംഘം രജിസ്ട്രാർ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ലേബർ ഫെഡ് ചെയർമാൻ ജോസ് പാറപ്പുറം, ഊരാളുങ്കൽ ലേബർ സഹകരണസംഘം ചെയർമാൻ രമേശൻ പാലേരി, നാഷണൽ ലേബർ ഫെഡറേഷൻ ഡയറക്റ്റർ റ്റി. കെ. കിഷോർ കുമാർ എന്നിവർ സംസാരിക്കും.
സെപ്റ്റംബർ 15-നും 16-നും മുടവൻമുകളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻ്റി(ഐസിഎം)ലാണു ശില്പശാലകൾ. 15-നു രാവിലെ 9-ന് ‘പൊതുമരാമത്തുപ്രവൃത്തികളിൽ ലേബർ സംഘങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള ശില്പശാല ഐസിഎം ഡയറക്റ്റർ ആർ. കെ. മേനോൻ്റെ അദ്ധ്യക്ഷതയിൽ പൊതുമരാമത്തുവകുപ്പു സെക്രട്ടറി അജിത് കുമാർ ഉദ്ഘാടനം ചെയ്യും. ദേശീയ സഹകരണ വികസന കോർപ്പറേഷൻ മേഖലാ ഡയറക്റ്റർ ടെഹെദുർ റഹമാൻ വിഷയം അവതരിപ്പിക്കും.
മൂന്നാം ദിവസത്തെ വിഷയം ‘തദ്ദേശസ്വയംഭരണ നിർമ്മാണപ്രവൃത്തികളിൽ ലേബർ സംഘങ്ങളുടെ പങ്ക്’ എന്നതാണ്. തദ്ദേശസ്വയംഭരണവകുപ്പ് ചീഫ് എൻജിനീയർ കെ. ജോൺസണാണ് വിഷയാവതരണം. വൈകിട്ടു നടക്കുന്ന സമാപനസമ്മേളനത്തിൻ്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും മുൻമന്ത്രികൂടിയായ റ്റി. പി. രാമകൃഷ്ണൻ എംഎൽഎ നിർവ്വഹിക്കും. അസോസിയേഷൻ പ്രസിഡൻ്റ് എ. സി. മാത്യു അദ്ധ്യക്ഷനാകും. ഐസിഎം ഡയറക്റ്റർ ആർ. കെ. മേനോൻ, അഡീ. രജിസ്ട്രാർ (പ്ലാനിങ്) പി. ഷാജി എന്നിവർ ആശംസ നേരും.
സെമിനാറിലും ശില്പശാലകളിലും വാട്ടർ അതോറിറ്റി ടെക്നിക്കൽ മെംബർ ജി. ശ്രീകുമാർ, കേരള ബാങ്ക് സിജെഎം കെ. സി. സഹദേവൻ, വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. എ. സ്കറിയ, ട്രഷറർ കെ. പി. പ്രശാന്ത്, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ യു. വേണുഗോപാൽ, പി. വി. സെബി, കെ. വി. കുഞ്ഞിരാമൻ, എസ്. ഷാജു എന്നിവരും സംസാരിക്കും.