രണ്ടാം പിണറായി സർക്കാരിന്റേത് സമാനതകളില്ലാത്ത ഭരണ മുന്നേറ്റം: മന്ത്രി അഹമ്മദ് ദേവർകോവിൽ

നവകേരള നിർമ്മിതിക്കായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് സമാനതകളില്ലാത്ത ഭരണ മുന്നേറ്റമാണ് രണ്ടാം പിണറായി സർക്കാർ കാഴ്ചവെച്ചതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി ഓണ്ലൈനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം പിണറായി സർക്കാരിനെ ഈ നാട് ഹൃദയത്തിലേറ്റിയതിന്റെ പ്രതിഫലനമാണ് വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ വഴിയൊരുക്കിയത്. ജനകീയ വികസന മുന്നേറ്റങ്ങളുടെ ബ്രാൻഡ് പേരായി കേരളമോഡൽ എല്ലാരംഗത്തും മാറിയിരിക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് സമാനതകളില്ലാത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ അഞ്ച് വർഷമെങ്കിലും അതെല്ലാം മറികടന്ന് ഭരണനേട്ടം കൈവരിക്കാൻ സാധിച്ചതിന്റെ അടയാളപ്പെടുത്തലാണ് തുടർഭരണം. തുടർച്ചയായി മൂന്ന് വർഷമായി സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്താണ് കേരളം.
എല്ലാ മേഖലകളിലും വികസന കുതിപ്പിന്റെ പുതിയ മുഖമാണ് സർക്കാർ നടപ്പാക്കുന്നത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനും ജനങ്ങൾക്കുമുമ്പിൽ സർക്കാർ അവതരിപ്പിച്ച വികസന അജണ്ടകളെ സമഗ്രമായി നടപ്പിലാക്കാനും നമുക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.