NewMETV logo

 

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: ആലപ്പുഴ ഒന്നാമത്‌

 
34
 

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന പദ്ധതിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നോട്ട് കുതിച്ച് ആലപ്പുഴ ജില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിനില്‍ക്കെ ജില്ലയില്‍ പദ്ധതിയുടെ 66 ശതമാനവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 9666 സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. ഇതിനകം 6,366 സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഇത്രയും സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ ജില്ലയില്‍ 346.48 കോടി രൂപയുടെ നിക്ഷേപവും 13,668 പേര്‍ക്ക് തൊഴിലും ലഭ്യമാക്കാനായി. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാനിംഗ്, സഹകരണം, പഞ്ചായത്ത്, തൊഴില്‍, ധനകാര്യം, കൃഷി, ഫിഷറീസ്, ടൂറിസം തുടങ്ങിയ വകുപ്പുകളുടെയും ലീഡ് ബാങ്ക്, കുടുംബശ്രീ തുടങ്ങിയവയുടെയും സഹകരണത്തോടെയാണിത് സാധ്യമായത്.

ഇതുവരെ ആരംഭിച്ച സംരംഭങ്ങളില്‍ 19 ശതമാനം ഉത്പാദന മേഖലയിലും 35 ശതമാനം സേവന മേഖലയിലും 46 ശതമാനം വ്യാപാര മേഖലയിലുമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പദ്ധതി ലക്ഷ്യം കൈവരിച്ച താലൂക്ക് കാര്‍ത്തികപള്ളിയും (82%), ബ്ലോക്ക് മുതുകുളവും (85%), നഗരസഭ കായംകുളവുമാണ് (98%). കാര്‍ത്തികപള്ളി താലൂക്കിലെ കണ്ടല്ലൂര്‍, പത്തിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം പദ്ധതി പൂര്‍ത്തിയാക്കി കഴിഞ്ഞു. പദ്ധതി വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും അതത് എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നിരുന്നു.

ചില സ്ഥലങ്ങളില്‍ ബാങ്ക് വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തടസങ്ങള്‍ നേരിട്ടുരുന്നു. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ വ്യവസായ വകുപ്പ്, ലീഡ് ബാങ്ക്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ന്ന് ഇതിന് പരിഹാരം കണ്ടു. ജില്ല കളക്ടര്‍ അധ്യക്ഷനായും ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ കണ്‍വീനറുമായ ജില്ലാതല മോണിറ്റിംഗ് കമ്മിറ്റിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പദ്ധതി വിജയകരമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പിനു കീഴില്‍ ഇന്റേണുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സംരംഭകത്വത്തിലേക്ക് കടന്നു വരുന്നവരെ സഹായിക്കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌കും തുറന്നിട്ടുണ്ട്.

From around the web

Pravasi
Trending Videos