NewMETV logo

 ബത്തേരി താലൂക്കാശുപത്രിയില്‍ ആവശ്യമായ തസ്തികൾ സൃഷ്ടിക്കും: മന്ത്രി

 
14
 

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ തസ്തികൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ- വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ സേവനം ഈ വർഷം തന്നെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക്‌ പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് നിർമ്മിച്ച സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂണിൽ അംഗൻവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് സിക്കിൾ സെൽ അനീമിയ സ്ക്രീനിംഗ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന്റെ ഏറെ നാളത്തെ ആവശ്യമായ കാത്ത് ലാബും ഉടൻ പൂർത്തീകരിക്കും. സംസ്ഥാന സർക്കാർ വയനാടിന്റെ ആരോഗ്യ മേഖലയ്ക്ക് സവിശേഷമായ പ്രാധാന്യമാണ് നൽകുന്നത്. മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവർത്തനം ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ബത്തേരി താലൂക്ക് ആശുപത്രി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് ഒരു കോടി രൂപ ചിലവിലാണ് എസ് ടി പി പ്ലാന്റ് നിർമിച്ചത്. 1,45,000 ലിറ്റർ വെള്ളം ശുചീകരിക്കാൻ ഈ പ്ലാന്റിന് കഴിയും.

താലൂക്ക് ആശുപത്രിയുമായി ബന്ധപെട്ട നിവേദനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അസൈനാർ മന്ത്രിക്ക് കൈമാറി. സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അസൈനാർ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ബ്ലോക്ക്‌ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ലതാ ശശി, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ, ക്ഷേമകാര്യ ചെയർമാൻ എടക്കൽ മോഹനൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ഡി.പി.എം ഡോ. സമീഹ സൈതലവി, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ ശ്രീലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എസ്.സേതുലക്ഷ്മി, സി.പി.എം ജില്ലാ സെക്രട്ടറി പി കെ ഗഗാറിൻ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. താലൂക്കാശുപത്രിയിലെ പ്രാഥമിക പുനരധിവാസ കേന്ദ്രവും നിർമാണത്തിലിരിക്കുന്ന പുതിയ ബ്ലോക്കും മന്ത്രി സന്ദർശിച്ചു.

From around the web

Pravasi
Trending Videos