NewMETV logo

 നായരമ്പലം ആയുർവ്വേദ ആശുപത്രി ഐ.പി മന്ദിരം മന്ത്രി സജി ചെറിയാൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

 
44
 

വൈപ്പിൻ: നവീനവും വിപുലവുമായ സജ്ജീകരണങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ നായരമ്പലം ആയുർവ്വേദ ആശുപത്രിയുടെ ഐ.പി മന്ദിരോദ്ഘാടനം ജൂൺ ആറിന് (തിങ്കളാഴ്‌ച) വൈകുന്നേരം നാലിന് ഫിഷറീസ് - സാംസ്‌കാരിക- യുവജനകാര്യ മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് കിടത്തി ചികിത്സാമന്ദിരം പ്രവർത്തനം ആരംഭിക്കുന്നത്. നായരമ്പലം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

ദിവസേന മുന്നൂറോളം പേർ ചികിത്സയ്‌ക്കെത്തുന്ന ആതുരാലയത്തിന്റെ വികസനം മണ്ഡലത്തിലെ മുൻഗണനാ പദ്ധതികളിൽ ഒന്നാണെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. എം.എൽ.എയായി ചുമതലയേറ്റ് ഒരുവർഷത്തിനകം സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനായതിൽ സംതൃപ്‌തിയുണ്ട്. ഫിഷറീസ് വകുപ്പിൻ്റെ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് മണ്ഡലത്തിന്റെ ആരോഗ്യക്ഷേമത്തിൽ നാഴികക്കല്ലായ പുതിയ ഐ.പി ബ്ലോക്ക് നിർമ്മിച്ചത്.

സംസ്ഥാന സർക്കാർ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയിലുൾപ്പെടുത്തി 577 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണത്തിൽ രണ്ടുനില കെട്ടിടത്തിലാണ് ഐ.പി ബ്ലോക്ക് സാക്ഷാത്കരിച്ചത്.  താഴത്തെ നിലയിൽ 20 കിടക്കകൾ ഇടാവുന്ന സ്ത്രീകളുടെ വാർഡ്, ഡോക്‌ടറുടെയും നഴ്‌സുമാരുടെയും മുറികൾ, പഞ്ചകർമ്മ തെറാപ്പി മുറി, സ്റ്റോർ, ടോയ്‌ലറ്റുകൾ  എന്നിവയുണ്ട്.

10 കിടക്കകൾ ഇടാവുന്ന ജനറൽ വാർഡ്, നാല് പേ വാർഡുകൾ, നഴ്‌സുമാരുടെ മുറി, യോഗ ഏരിയ, റിസർച്ച് റൂം, ലൈബ്രറി ഹാൾ, റാംപ് എന്നിവ ഉൾപ്പെടുന്നതാണ് ഐ.പി ബ്ലോക്കിന്റെ മുകൾ നില. ആശുപത്രിക്കാവശ്യമായ ഫർണിച്ചറുകൾ, മറ്റുപകരണങ്ങൾ, മാലിന്യ നിർമ്മാർജ്ജന യൂണിറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്. ഐ.പി ബ്ലോക്ക് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിഷ്‌കർഷിക്കപ്പെട്ട ഗുണനിലവാരം തീരദേശ വികസന കോർപ്പറേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്.

ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. മുൻ എം.എൽ.എ എസ് ശർമ്മയുടെ വിശിഷ്‌ട സാന്നിധ്യമുണ്ടാകും. തീരദേശ വികസന കോർപ്പറേഷൻ എംഡി പി.ഐ ഷെയ്‌ക്‌ പരീത്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഒ.പി ജയലക്ഷ്‍മി എന്നിവരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും രാഷ്ട്രീയ - സഹകരണ-സാമൂഹിക സംഘടനാ നേതാക്കളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.

പത്രസമ്മേളനത്തിൽ തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ പ്രശാന്തൻ, അസിസ്റ്റന്റ് പ്രോജക്‌ട് അസോസിയേറ്റ് ഹരിഗോവിന്ദ് എന്നിവരും പങ്കെടുത്തു.

From around the web

Pravasi
Trending Videos