ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് കൂടുതല്‍ ഷോപ്പുകള്‍ തുറക്കും; മന്ത്രി ആന്റണി രാജു

ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ ഷോപ്പുകള്‍ തുറക്കുന്നകാര്യം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് ഹോര്‍ട്ടികോര്‍പ്പ് കിഴക്കേകോട്ട ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് സ്ഥാപിച്ച ‘ഷോപ്പ് ഓണ്‍ വീല്‍സ്‘ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിന്റെ ഭാഗമായാണ് ഷോപ്പ് ഓണ്‍ വീല്‍സ്’ എന്ന നൂതന ആശയം സംസ്ഥാനത്ത് നടത്തി വരുന്നത്. സ്‌ക്രാപ്പ് ചെയ്ത് വില്‍ക്കേണ്ട വാഹനങ്ങള്‍ നവീകരിച്ച് എങ്ങനെ കെ.എസ്.ആര്‍.ടിസിക്ക് വരുമാനവും പൊതുജനങ്ങള്‍ക്ക് സൗകര്യവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ലാഭവുമുണ്ടാക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയമുണ്ടായതെന്നും സംസ്ഥാനത്ത് കെ.റ്റി.ഡി.സി, മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ, സിവില്‍സ് സപ്ലൈസ് കോര്‍പ്പറേഷന്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഷോറൂമുകള്‍ ഷോപ്പ് ഓണ്‍ വീല്‍സ് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഡെപ്യൂട്ടി മേയര്‍ പി.കെ രാജു പഴം-പച്ചക്കറികളുടെ ആദ്യ വില്‍പ്പന നടത്തി. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്.വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടര്‍ ജെ.സജീവ് റീജിയണല്‍ മാനേജര്‍ രാഖി തുടങ്ങിയവര്‍ പങ്കെടുത്തു.