NewMETV logo

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിനാക്ക് പ്രവർത്തനസജ്ജം

 
25
 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ലീനിയർ ആക്സിലറേറ്റർ മെഷീൻ പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആധുനിക കാൻസർ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കമ്പ്യൂട്ടർ ട്രീറ്റ്മെന്റ് പ്ലാനിംഗ് സിസ്റ്റവും പ്രവർത്തന സജ്ജമായിട്ടുണ്ട്. ട്രയൽ റൺ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളിൽ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക കാൻസർ ചികിത്സാ സങ്കേതങ്ങളായ 3 ഡി കൺഫോർമൽ റേഡിയോ തെറാപ്പി, ഇന്റൻസിറ്റി മോഡ്യുലേറ്റഡ് റേഡിയോ തെറാപ്പി, ഇമേജ് ഗൈഡഡ് റേഡിയോ തെറാപ്പി, വോളിയോ മെട്രിക് ആർക്ക് തെറാപ്പി എന്നീ ചികിത്സകളും ഇതിലൂടെ സാധ്യമാണ്. അതീവ സൂക്ഷ്മമായി കാൻസർ കോശങ്ങളിൽ മാത്രം റേഡിയേഷൻ നടത്താൻ ഈ മെഷീനിലൂടെ സാധിക്കും. ഇതിലൂടെ സാധാരണ മറ്റ് അവയവങ്ങൾക്ക് ദോഷം സംഭവിക്കാതെ റേഡിയേഷൻ ചികിത്സ നൽകാനും കഴിയും.

കാൻസർ ചികിത്സയ്ക്ക് 3.8 കോടി രൂപയുടെ ടെലി കൊബാൾട്ട് മെഷീനും പ്രവർത്തനസജ്ജമാക്കി ചികിത്സ ആരംഭിച്ചിട്ടുണ്ട്. 4.4 കോടി രൂപയുടെ സി.ടി. സിമുലേറ്റർ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിലും അത്യാധുനിക കാൻസർ ചികിത്സ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

From around the web

Pravasi
Trending Videos