NewMETV logo

 

കുഞ്ഞാശകള്‍ക്ക് ചിറക് വിരിയിക്കാന്‍ കുടുംബശീയുടെ ആകാശത്തൊരു കുട്ടിയാത്ര

 
36
 

കാസർഗോഡ്: ഒരു വിമാനയാത്ര സ്വപ്നം കാണാത്ത കുട്ടികള്‍ വിരളമായിരിക്കും. എന്നാല്‍ ആകാശ യാത്രയെന്ന യാഥാര്‍ഥ്യം ജില്ലയിലെ മുളിയാര്‍ സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള്‍ക്ക് വെറും മൂന്ന് മാസങ്ങള്‍ക്കകം സഫലമാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബാലസഭാ കുട്ടികള്‍ക്ക് വിമാന യാത്രയ്ക്ക് അവസരം നല്‍കുകയാണ് മുളിയാര്‍ സി.ഡി.എസ്. വിമാന യാത്രകള്‍ ഇന്ന് സാധാരണമാണെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുക എന്നത് വിദൂരമാണ്.

2023 ജനുവരിയില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. ഇതിനായി 'ആകാശത്തൊരു കുട്ടിയാത്ര' എന്ന പേരില്‍ ബാലസഭ അംഗങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക പരിപാടി തന്നെ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തി. തുടര്‍ന്ന് വിമാനയാത്ര ചെയ്യാന്‍ ആഗ്രഹമുള്ള ബാലസഭാംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും ഒരു പരീക്ഷ നടത്തി അതില്‍ വിജയികളാകുന്നവരെ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയും ചെയ്തു. 26 അപേക്ഷകളാണ് ആകെ ലഭിച്ചത്. 21 പേര്‍ പങ്കെടുത്ത എഴുത്ത് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 11 കുട്ടികളെയും സംവരണ അടിസ്ഥാനത്തില്‍ 3 കുട്ടികളെയും തെരഞ്ഞെടുത്തു.

തെരെഞ്ഞടുത്ത കുട്ടികളെ യാത്രയ്ക്കായി മാനസികമായി സജ്ജമാക്കുന്നതിനുള്ള ഏകദിന ക്ലാസ് നവംബറില്‍ നടത്തും. യാത്രയ്ക്കായി ഒരു കുട്ടിക്ക് ഏകദേശം നാലായിരം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്കായി വ്യത്യസ്തമായ എന്തെങ്കിലും നടപ്പാക്കുകയെന്ന ആഗ്രഹത്തില്‍ നിന്നാണ് വിമാന യാത്രയെന്ന ആശയത്തിലേക്ക് എത്തിയത്. ഡിസംബറില്‍ യാത്ര സംഘടിപ്പിക്കാനായിരുന്നു തിരുമാനിച്ചത്. പക്ഷെ കുട്ടികള്‍ക്ക് പരീക്ഷകള്‍ ഉണ്ടായതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നെന്ന് മുളിയാര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആകാശ യാത്ര നടത്താന്‍ അവസരമൊരുക്കാന്‍ തീരുമാനിച്ച മുളിയാര്‍ സി.ഡി.എസിനെ ജില്ലാ മിഷന്‍ അഭിനന്ദിച്ചു.. ഈ യാത്രയിലൂടെ കുട്ടികള്‍ക്ക് നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് മനസിലാക്കാനും ഭരണാധികാരികളെ കണ്ട് സംസാരിക്കാനും അവസരം ലഭിക്കും. അറിവിന്റെ പുതിയോരു ലോകം തുറന്ന് നല്‍കാന്‍ ഈ യാത്ര ഉപകരിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ പറഞ്ഞു.

From around the web

Pravasi
Trending Videos