പരിസ്ഥിതി ലോല പ്രദേശം: വനം വകുപ്പ് നടപടികൾ മന്ത്രിസഭ അംഗീകരിച്ചു

ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടും അതോടൊപ്പം സർക്കാർ, അർദ്ധ സർക്കാർ പൊതു സ്ഥാപനങ്ങളും ഒഴിവാക്കിക്കൊണ്ടും ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിന് വനം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ഇതിനകം കേന്ദ്ര സർക്കാരിന് സമർപ്പിച്ച് കഴിഞ്ഞ 23 നിർദ്ദേശങ്ങളിൽ 22 എണ്ണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. മതികെട്ടാൻ ഷോല ദേശീയോദ്യാനത്തിന്റെ ഇക്കോ സെൻസിറ്റീവ് സോൺ കേന്ദ്രസർക്കാർ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും രണ്ടെണ്ണം ഒഴികെ മറ്റുള്ളവ കേന്ദ്ര വിദഗ്ദ്ധ സമിതി യോഗം പരിഗണിച്ചിട്ടുള്ളതുമാണ്.
കരട് വിജ്ഞാപനം തയ്യാറാക്കുന്നതിനായി 2019-ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന് ഇനി പ്രസക്തിയില്ലെന്നും മന്ത്രിസഭാ തീരുമാന പ്രകാരം പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു. 2019-ൽ സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം കേന്ദ്ര സർക്കാർ കരട് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും അതിൻമേൽ ലഭിച്ച പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷം അന്തിമ വിജ്ഞാപനത്തിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുള്ളതുമാണ്. വനം വകുപ്പിന്റെ ഈ നടപടിയാണ് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്.
ജനവാസ മേഖലകൾ ഉൾപ്പെടെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി വന്നിട്ടുള്ളത്. സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും നിർബന്ധമായും ഒരു കി.മീ. ഇക്കോ സെൻസിറ്റീവ് സോൺ ഉണ്ടായിരിക്കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാൻ വനം-വന്യജീവി വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.