NewMETV logo

പൊന്നാനിയിലെ നിളയോര ടൂറിസം വികസനം; മാർഗനിർദേശങ്ങളുമായി പൊന്നാനി നഗരസഭ

 
 
35
 

അനുദിനം വർധിച്ചുവരുന്ന നിളയോര പാതയുടെ ടൂറിസം സാധ്യതയുടെ പശ്ചാത്തലത്തിൽ ബോട്ട് സർവീസുകൾ പ്രവർത്തിക്കുന്നതിന് മാർഗ നിർദേശങ്ങളുമായി പൊന്നാനി നഗരസഭ.

ഭാരതപ്പുഴയിൽ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഉല്ലാസ ബോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങളിലെ ആശങ്കയുടെ അടിസ്ഥാനത്തിൽ കൂടിയാണ് യോഗം ചേർന്നത്. നഗരസഭ, പോർട്ട് ഡിപ്പാർട്ട്മെന്റ്, റവന്യു വകുപ്പ്, ഫയർ & റസ്ക്യൂ ഡിപ്പാർട്ട്മെന്റ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് ചേർന്നത്.

ഉല്ലാസ ബോട്ടുകളിൽ സഞ്ചാരികൾക്ക് ആവശ്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ കർശനമായും ഏർപ്പെടുത്തുവാൻ നിർദ്ദേശം നൽകാൻ യോഗത്തിൽ തീരുമാനിച്ചു. നിളയോര പാതയിലെത്തുന്ന സഞ്ചാരികൾ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത കർശനമായി നിരോധിക്കും. അതിനായി നഗരസഭയുടെ ഗ്രീൻ ഗാർഡുകളെ നിയോഗിക്കാനും തീരുമാനിച്ചു.

സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് ടോയ്ലറ്റ് സംവിധാനം, ടൂറിസ്റ്റ് ഗൈഡൻസ് സെന്റർ എന്നിവ നിർമിക്കുന്നതിന് നടപടി സ്വീകരിക്കാൻ പോർട്ട് വകുപ്പിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആയവ നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം നഗരസഭയ്ക്ക് വിട്ടുനൽകുന്നതിന് അനുമതി നൽകുവാനുള്ള നടപടികൾക്ക് ശുപാർശ ചെയ്യാൻ യോഗത്തിൽ ധാരണയായി.

സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കടവുകളിൽ ലൈഫ് ഗാർഡിനെ നിയോഗിക്കുവാൻ തീരുമാനിച്ചു. ബോട്ട് സർവീസ് നടത്തുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിശീലനം നൽകുന്നതിന് പോർട്ട് വകുപ്പിനെ ചുമതലപ്പെടുത്തി. ഉല്ലാസ ബോട്ട് ഉടമകളുടെയും ബന്ധപ്പെട്ടവരുടേയും യോഗം വിളിച്ച് ചേർക്കുന്നതിനും തീരുമാനിച്ചു.

From around the web

Pravasi
Trending Videos