NewMETV logo

 വനിതാ ശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ: നിയമസഭാ സ്പീക്കർ

 
47

 വനിതാശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ എന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. ദേശീയ വനിതാ സാമാജികരുടെ കോൺഫറൻസിലൂടെ കേരള നിയമസഭ തുടങ്ങിവച്ച മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ സാമാജികർക്കായി കേരള നിയമസഭ സംഘടിപ്പിച്ച ‘നാഷണൽ വിമൻ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസ് കേരള 2022’ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാ സാമാജികർക്കായി കേരളം സംഘടിപ്പിച്ച ദേശീയ കോൺഫറൻസ് ഇത്തരത്തിൽ രാജ്യത്തുതന്നെ ആദ്യമായി സംഘടിപ്പിക്കപ്പെട്ടതാണെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി. സ്ത്രീ മുന്നേറ്റത്തിന്റെ ഒരു തുടക്കം മാത്രമാണിത്. വനിതാ ശാക്തീകരണത്തിൽ ഏറെ മുന്നോട്ടുപോകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.

സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നതിൽ വനിതകളായ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നേതൃത്വത്തിന്റെ മുൻനിരയിലേക്കു വനിതകൾ വരണം. കുടുംബശ്രീയിലൂടെ വനിതാ ശാക്തീകരണത്തിൽ  വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണമേർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണു കേരളം. എങ്കിലും കേരള നിയമസഭയിലെ 140 എം.എൽ.എമാരിൽ 11 പേർ മാത്രമാണു വനിതകൾ. ഈ മേഖലയിൽ കേരളത്തിന് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാപരമായ അവകാശങ്ങൾ പുരുഷനും സ്ത്രീക്കും ഒരുപോലെ ലഭ്യമാകണമെന്നും ലിംഗഭേദമില്ലാതെ ഒരേ പരിഗണന ലഭിക്കുമ്പോഴാണു സുസ്ഥിര വികസനം സാധ്യമാകുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗുജറാത്തിൽനിന്നുള്ള മന്ത്രി നിമിഷ ബെൻ, ഒഡിഷയിൽനിന്നുള്ള മന്ത്രി പത്മിനി ദിയാഗ്, പുതുച്ചേരിയിൽനിന്നുള്ള മന്ത്രി ചന്ദ്ര പ്രിയങ്ക, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

From around the web

Pravasi
Trending Videos