NewMETV logo

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപനം മുഖ്യമന്ത്രി നിർവ്വഹിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 
44

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എന്‍ജിനിയറിങ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് നിലവില്‍ വരുന്നത്.

ഏകീകൃത വകുപ്പില്‍ ഫയലുകളില്‍ തീരുമാനം വേഗത്തില്‍ എടുക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറയ്ക്കും. സര്‍ക്കാരിന്റെ നയപരമായ തീരുമാനവും സര്‍ക്കാരില്‍ നിന്ന് സ്പഷ്ടീകരണം ആവശ്യമുള്ളതും പ്രത്യേക സാങ്കേതികാനുമതി ആവശ്യമുള്ളതുമായ ഫയലുകള്‍ ഒഴികെ ബാക്കിയെല്ലാത്തിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഉണ്ടാവൂ. ഏകീകൃത വകുപ്പിന് റൂറല്‍, അര്‍ബന്‍, പ്ലാനിംഗ്, എന്‍ജിനിയറിങ് എന്നീ നാലു വിഭാഗങ്ങള്‍ ഉണ്ടായിരിക്കും.

റൂറല്‍, അര്‍ബന്‍ വിഭാഗങ്ങളുടെ തലവന്മാര്‍ ഐ എ എസ് തസ്തികയിലുള്ള ഡയറക്ടര്‍മാരാണ്. പ്ലാനിംഗ് വിഭാഗത്തിന്റെ തലവന്‍ ചീഫ് ടൗണ്‍ പ്ലാനറും എന്‍ജിനിയറിങ് വിഭാഗത്തിന്റെ തലവന്‍ ചീഫ് എന്‍ജിനിയറുമായിരിക്കും.ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് എന്‍ജിനിയറിങ് എന്നായിരിക്കും ഈ വിഭാഗത്തിന്റെ പുതിയ പേര്. ചരിത്രപരമായ വകുപ്പ് ഏകീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

From around the web

Pravasi
Trending Videos