കോതമംഗലം നിയോജകമണ്ഡലത്തിലെഎല്ലാ വില്ലേജ് ഓഫിസുകളും സ്മാര്‍ട്ടാക്കും

ഈ സാമ്പത്തിക വര്‍ഷം തന്നെ കോതമംഗലം നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകളില്‍ ഒരാവശ്യവുമായി വരുന്നവരെ അനുഭാവത്തോടെ ഉദ്യോഗസ്ഥര്‍ പരിഗണിക്കണം. ഓഫീസിലെത്തുന്നവരുടെ പ്രതീക്ഷ കാക്കുന്ന വിധമാകണം ജീവനക്കാരുടെ പെരുമാറ്റമെന്നും മന്ത്രി പറഞ്ഞു.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാവാചകത്തെ മുന്‍ നിര്‍ത്തി റവന്യൂ ഓഫീസുകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഭാവിയില്‍ വില്ലേജുകളിലെ സേവനങ്ങളെല്ലാം തന്നെ ഓണ്‍ലൈനായി ലഭ്യമാക്കും. ആളുകള്‍ കയറാത്ത വില്ലേജ് ഓഫീസുകള്‍ എന്നതാണ് അതുവഴി ഉദ്ദേശിക്കുന്നത്. അത്ര എളുപ്പമുള്ള കാര്യമല്ല എങ്കിലും ഘട്ടം ഘട്ടമായി അതു യാഥാര്‍ത്ഥ്യമാക്കും. വില്ലേജുകളിലെ പ്രവര്‍ത്തനം കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ജനകീയ സമിതികളുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ നടക്കുന്നുണ്ട്. കാര്യക്ഷമമായി ഇനിയും അതു തുടരണം.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിലുള്‍പ്പെടുത്തി ആകെ 44 ലക്ഷം രൂപ ചെലവിലാണ് കീരംപാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1350 ചതുരശ്ര അടിയാണ് ഓഫീസിന്റെ വലുപ്പം. ഇതില്‍ 4 ഓഫീസ് മുറികളും 3 ശുചിമുറികളും ഉള്‍പ്പെടുന്നു. ആധുനിക നിലവാരത്തിലുള്ള ഫര്‍ണിച്ചറുകളും ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായിട്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഓഫീസില്‍ കയറുന്നതിനായി പ്രത്യേക റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു ശുചിമുറിയും അവര്‍ക്കായി ക്രമീകരിച്ചു.