മുഖം മിനുക്കാൻ ആലപ്പുഴ: സാഗർമാല പദ്ധതിയിൽ മറീന-കം-കാർഗോ പോർട്ട് വികസിപ്പിക്കും

ആലപ്പുഴ: തീരദേശ ജില്ലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസർക്കാർ രൂപം നൽകിയ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴയിലെ നാല് പദ്ധതികൾ ഉൾപ്പടെ 63 പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം. മത്സ്യബന്ധന തുറമുഖങ്ങൾ, ലൈറ്റ് ഹൗസുകൾ എന്നിവയുടെ നവീകരണം, നൈപുണ്യ വികസനം തുടങ്ങി കേരളത്തിലെ 63 പദ്ധതികൾക്കായി 6,131 കോടി രൂപയാണു ചെലവഴിക്കുക. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ കേന്ദ്ര തുറമുഖ കപ്പൽ ജലഗതാഗത കേന്ദ്ര മന്ത്രി സർബാനന്ത സോനാവാൾ എ.എം.ആരിഫ് എം.പിക്ക് നൽകിയ മറുപടിയിൽ ആലപ്പുഴക്ക് പ്രത്യേക പരിഗണനയാണു കേന്ദ്ര സർക്കാർ നൽകുന്നതെന്ന് വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിലെ സമുദ്ര മ്യൂസിയം (250 കോടി), മനക്കോടം ലൈറ്റ് ഹൗസ് (1കോടി), ആലപ്പുഴ ലൈറ്റ് ഹൗസ് (4 കോടി), വലിയഴിക്കൽ ലൈറ്റ് ഹൗസ് (35 ലക്ഷം) ഉൾപ്പെടെയുള്ള പദ്ധതികളുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി വരുകയണെന്നും ഉടൻ നിർമ്മാണ പ്രവർത്തനങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ തുറമുഖം മറിന-കം-കാർഗോ തുറമുഖമായി വികസിപ്പിക്കാൻ കേരള മാരിടൈം ബോർഡ് തയ്യാറാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം എത്രയും വേഗം നൽകാനുള്ള സ്വീകരിക്കാമെന്നും മന്ത്രി ലോക്സഭയിൽ ഉറപ്പുനൽകി.ആലപ്പുഴ ലൈറ്റ് ഹൗസിൽ ലിഫ്റ്റ് സൗകര്യം അടുത്തവർഷം പകുതിയോടെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് പദ്ധതികൾ പുത്തനുണർവ് നൽകുമെന്നും എ.എം.ആരിഫ് എം.പി. വ്യക്തമാക്കി